Friday, October 5, 2007

യാത്ര

എന്റെ കാവല്‍മാലാഖകളേ
ഇനി ഉറങ്ങിക്കൊള്‍ക,
വഴികാട്ടികളേ, പിരിഞ്ഞുപോകുക...

ഇരുളില്‍ ചോര മണക്കുന്നുണ്ട്,
സഹജീവിയുടെ ഒടുക്കത്തെ പാച്ചിലിന്റെ പ്രകംബങ്ങള്‍
തരംഗങ്ങളായി കാലടികളെ പുണരുന്നുണ്ട്.

എങ്കിലും...പ്രിയ മാനസങ്ങളേ,
നിനവില്‍പ്പോലും എന്നെയോര്‍ത്ത് ഞെട്ടാതിരിക്കുക.
കാരണം..
ഒരു യാത്രയ്ക്ക് പല ഒടുക്കങ്ങളുണ്ടാകാം.

Monday, September 10, 2007

കുറിപ്പ്

പ്രത്യേകിച്ചൊന്നുമില്ല,
ഈ ആത്മഹത്യാക്കുറിപ്പില്‍ എഴുതാന്‍ പോലും.

Wednesday, February 21, 2007

പെട്രോള്‍

റോഡിനപ്പുറത്തെ വലിയ പരസ്യപ്പലകയില്‍ ടാറ്റാഫോണുമായി ഇര്‍ഫാന്‍ പത്താന്‍. ആളല്പം സീരിയസ്സാണ്. പക്ഷേ വിക്കറ്റ് നേടുമ്പോള്‍ ഇതുപോലെയല്ല. നീണ്ട ചുരുളന്‍ മുടി തെറിപ്പിച്ച്, ആര്‍ത്തുവിളിച്ച്, മുഷ്ടി ചുരുട്ടി വായുവില്‍ ഉയര്‍ന്നുചാടി.... ഓ.. ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു. ഇര്‍ഫാന്‍ പത്താന്‍ പന്തെറിയുന്നത് വലതുകൈകൊണ്ടോ ഇടതുകൈകോണ്ടോ?
റോഡില്‍ നിന്നും എച്ച് പി എന്നെഴുതിയ ബോര്‍ഡ് ചുറ്റി, ചെളിവെള്ളം കെട്ടിനില്‍ക്കുന്ന വഴിയിലൂടെ വന്ന ബൈക്കുകാരന്‍ പോളേട്ടന്റെ കൈയ്യില്‍ നിന്നും കൂപ്പണ്‍ വാങ്ങിക്കുന്നുണ്ട്..
കൂപ്പണ്‍ വാങ്ങി പരിശോധിച്ചശേഷം ഹോള്‍ഡറില്‍ നിന്നും ഹോസെടുത്ത് ഇടതുകൈകൊണ്ടു ചുറ്റി വളവുതീര്‍ത്ത്, ഡയലില്‍ 50 എന്ന് എന്റ്ര് ചെയ്തു, തുറന്നുവെച്ചിരിക്കുന്ന ടാങ്കിന്റെ വായില്‍ നോസില്‍ വെച്ച് ട്രിഗറില്‍ അമര്‍ത്തി. നോസിലിലിലൂടെ പെട്രോള്‍ പ്രവാഹം..സ്ക്രീനില്‍ അക്കങ്ങളുടെ ഒളിമറിയലുകള്‍..കിതപ്പ്..ഒടുക്കം..ടാങ്ക് അടച്ച് ബൈക്കുകാരന്‍ വണ്ടി ഓടിച്ചുപോയി. (ഹോള്‍ഡര്‍: ബള്‍ബിന്റെ ഹോള്‍ഡര്‍. ട്രിഗര്‍: ആ പേരില്‍ ജീന്‍സുണ്ട്. നോസില്‍: ഒരു പുതിയ വാക്ക്..കഴിഞ്ഞയാഴ്ചയില്‍ ഇവിടെ നിന്നും പടിച്ചതാണ്.)
ചെറുപ്പം മുതലേ പെട്രോള്‍ മണം മൂക്കുവിടര്‍ത്തി പിടിക്കുന്ന എനിക്ക് ഈ പെട്രോള്‍ പമ്പില്‍ ജോലികിട്ടിയതില്‍ സന്തോഷം തോന്നുന്നു. രണ്ടുമാസം മുന്‍പ് ഈ പമ്പ് തുടങ്ങുമ്പോള്‍ പോളേട്ടനാണ് ഇങ്ങോട്ടു വിളിച്ചത്. അതുവരെ തെച്ചിക്കുന്നിലെ ചെരുപ്പുകമ്പനിയില്‍ സ്ട്രാപ് വെട്ടലായിരുന്നു..പ്ലസ് വണ്ണിനുശേഷംഒരു വര്‍ഷത്തോളം അവിടെയായിരുന്നു.
ഈ ജോലിയില്‍ ഒരു അശ്ലീലചുവയുണ്ടെന്നാണ് സജിത പറയുന്നത്. വഴങ്ങാത്ത നീണ്ടുവളഞ്ഞ ഹോസിനെ കറക്കിയെടുത്ത് നോസിലിനെ ടാങ്കിന്റെ തുറപ്പിലേക്ക് ഇറക്കല്‍, ഹോസിനെ ഉലച്ചുകൊണ്ടുള്ള പെട്രോള്‍ തള്ളിച്ച, കുത്തൊഴുക്ക്, തളര്‍ച്ച..എനിക്കെന്തോ അത്രയൊന്നും തോന്നിയിട്ടില്ല.
അവസാനത്തെ പെട്രോള്‍ തുള്ളി ഇറ്റുവീഴാനിരിക്കുന്ന നോസില്‍ മെല്ലെ വയറില്‍ തൊട്ടപ്പോള്‍, ചുരിദാറില്‍ നിന്നും വയറിനുമുകളില്‍ പെട്രോള്‍ പടര്‍ന്നു. ശരീരമാസകലം വിറപ്പിക്കുന്ന കുളിര്. ആ കുളിര് അസ്തികളെ തുരന്ന് ഒരു ഗര്‍ത്തമായി മാറുന്നു..ഹിമം മൂടിയ അനന്തമായ ഗര്‍ത്തം. അതിന്റെ വക്കില്‍ കാല്‍ വഴുതി ഒരു വൈക്കോല്‍ തുമ്പുപോലും കൈയ്യില്‍ തടയാതെ, ആലിസിനെപ്പോലെ അഗാധങ്ങളിലേക്ക് ഒരു വീഴ്ച. വീഴ്ചക്കിടയില്‍ മായാപ്രപഞ്ച്ങ്ങളുടെ ശരവേഗം, കാതില്‍ ആയിരം ഇടിമുഴക്കങ്ങള്‍. അടിതട്ടില്‍ പതിച്ച നിമിഷത്തില്‍ ലോകം മുഴുവന്‍ തകര്‍ന്ന് അടരുകളായ് ദേഹത്ത് പതിക്കുന്നു. നിലവിളിക്കാന്‍ പോലുമാവാതെ ആ അടരുകള്‍ക്കിടയിലെ മര്‍ദ്ദത്തില്‍ ശരീരം ചതഞ്ഞ്, ഉരുകി ദ്രാവകമായി ഒഴുകി, പാറകള്‍ക്കിടയിലെ വിള്ളലുകളില്‍ നിറഞ്ഞ്..തണുത്ത്..നിശ്ചലമായ്...
“എടീ, ഞാന്‍ കഴിക്കാന്‍ പോണു”
സജിതയാണ്.
“നിന്റെ പാത്രത്തില്‍ നിന്നും കുറച്ചു കറിയെടുക്കുന്നുണ്ട്, ഞാന്‍ പറഞ്ഞില്ലേ? രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി”
സജിതക്ക് ഡീസല്‍ അടിക്കുന്ന ജോലിയാണ്. എനിക്കിഷ്ടം പെട്രോളാണ്. ഓയില്‍ ഒഴിച്ചുകൊടുക്കുന്നതും അവളാണ്.
ഇടക്ക് ഞാനും ഒഴിച്ചുകൊടുക്കാ‍റുണ്ട്. അതിന്റെ വഴുവഴുപ്പ് സോപ്പിട്ടുകഴുകിയാലും പോവില്ല.
അവള്‍ ഭക്ഷണം കഴിച്ചു വന്നിട്ടുവേണം എനിക്കു കഴിക്കാന്‍. അതുവരെ പോളേട്ടന്‍ കാര്യങ്ങള്‍ നോക്കിക്കോള്ളും.
അവളുടെ സുരേഷേട്ടന്‍ ‘ലജ്ജാവതി’ക്ക്(സുരേഷേട്ടന്റെ ‘ഓട്ടോര്‍ഷ’) ഡീസല്‍ അടിക്കന്‍ വരുന്നതിനുമുന്‍പു കഴിച്ചുതീരാന്‍ വേണ്ടിയാണ് അവള്‍ തിരക്കു കൂട്ടുന്നത്. പണ്ട് ടൈലറിങ്ങീനു പോയിരുന്ന കാലം മുതലുള്ള പരിചയമാണ് അവളും സുരേഷേട്ടനും തമ്മിലുള്ളത്.
മഴപെയ്ത് വെള്ളം പൊങ്ങിയ വഴിയിലൂടെ വൈകീട്ട് വീട്ടിലേക്കു വരുമ്പോള്‍ സജിത ഒരു പാടു കാര്യങ്ങള്‍ പറഞ്ഞു. സുരേഷേട്ടനോടോപ്പം നരസിംഹം സിനിമ കാണാന്‍പോയതിനെ ക്കുറിച്ച്, അമ്മ വാങ്ങിച്ചുവെച്ച അവളുടെ പുതിയ സാരിയെക്കുറിച്ച്, ‘മോണിങ്ങ് സ്റ്റാര്‍‘ ബസ്സിലെ കിളിയെക്ക്കുറിച്ച്..സ്കൂളില്‍ പ0ഇക്കുന്ന കാലം മുതല്‍ അവള്‍ അങ്ങനെയാണ്. സംസാരം നിര്‍ത്തില്ല.
ഇന്നലേയും ഇന്നും കനത്ത മഴ പെയ്തതുകൊണ്ട് കറണ്ടില്ല. വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ട്. അതറിയാവുന്നതു കാരണമായിരിക്കും അനിയന്‍ വര്‍ക്കുഷാപ്പില്‍ തന്നെ കിടന്നുറങ്ങുമെന്നു അമ്മയോടു പറഞ്ഞത്.
കറണ്ടില്ലത്തതു കാരണം സീരിയല്‍ കാണാന്‍ പറ്റാത്ത സങ്കടം അപ്പുറത്തെ വീട്ടില്‍ നിന്നും അമ്മായി വിളിച്ചുപറയുന്നുണ്ട്.
തറ മുഴുവന്‍ നനഞ്ഞിരിക്കുകയാണ്. പായയുടെ അടിയിലൂടെ തണുപ്പ് മുകളിലോട്ട് കയറുന്നുണ്ട്. പകല്‍ പാടത്തു പണിക്കു പോയതിന്റെ ക്ഷീണമായിരിക്കണം, അമ്മ നേരേത്തെ ഉറങ്ങിയിരിക്കുന്നു. കാതില്‍ തവളകളുടെ കൂട്ടക്കരച്ചില്‍ മുഴങ്ങുന്നു. എത്ര മൂറ്റിപ്പുതച്ചിട്ടും തണുപ്പ് മാറുന്നില്ല.ശരീരം ഒരു തരി ചൂടിനായി കൊതിക്കുന്നു.
കൈതണ്ടയില്‍ പതിച്ച പെട്രോള്‍ ആവിയായി വായുവില്‍ നിറഞ്ഞു. അതിന്റെ ഗന്ധം വിടര്‍ത്തിപ്പിടിച്ച മൂക്കിലൂടെ തുളച്ചുകയറുന്നു. പിസ്റ്റണിനകത്തെ മര്‍ദ്ദിതമായ പെട്രോള്‍ ബാഷ്പം ഒരു അഗ്നിസ്ഫുലിംഗത്തിനാല്‍ കത്തിക്കപ്പെടുന്നതുപോലെ..ശരീരത്തിനകത്ത് തീ പടര്‍ന്ന്, ഒരു അഗ്നിഗോളമായി വളര്‍ന്ന്..അതില്പെട്ട് ഒന്നു പിടയുവാന്‍ പോലുമാവാതെ..വെന്തുരുകി, കരി നിറഞ്ഞ ഒരു പുകച്ചുരുളായി ഉയര്‍ന്ന്..മെല്ലെ വായുവില്‍ അലിഞ്ഞ്...
ക്ലോക്കില്‍ സമയം പതിനൊന്നാവാറായി. പെട്രോള്‍ കാന്‍, അടപ്പ് ഒന്നു കൂടെ മുറുക്കി, പുതപ്പ് തലയിലൂടെ തിരിഞ്ഞുകിടന്നു.
“പണ്ടൊക്കെ യുദ്ധങ്ങള്‍ രാജ്യത്തിനും സ്വത്തിനും വേണ്ടിയായിരുന്നു, പക്ഷെ ഇപ്പോള്‍ അമേരിക്ക യുദ്ധങ്ങള്‍ നടത്തുന്നത് പെട്രോളിനു വേണ്ടീയാണ്” എന്ന് ‘വിപ്ലവം’ ബാലേട്ടന്‍ പഞ്ചായത്തിനുമുന്‍പില്‍ പ്രസംഗിച്ചതു സത്യമായിരിക്കുമോ? “പണ്ടൊക്കെ യുദ്ധങ്ങള്‍ രാജ്യത്തിനും സ്വത്തിനും വേണ്ടിയായിരുന്നു, പക്ഷെ ഇപ്പോള്‍ അമേരിക്ക യുദ്ധങ്ങള്‍ നടത്തുന്നത് പെട്രോളിനു വേണ്ടീയാണ്” എന്ന് ‘വിപ്ലവം’ ബാലേട്ടന്‍ പഞ്ചായത്തിനുമുന്‍പില്‍ പ്രസംഗിച്ചതു സത്യമായിരിക്കുമോ?

Tuesday, February 6, 2007

കുളം

അകം കുളമാണ്
അടിയില്‍ ചേറുണ്ട്
ഇളക്കം ചേറിനെ കലക്കും

കുമിളകള്‍ ഉണ്ടാകുന്നത് ചേറില്‍ നിന്നാണ്
വീര്‍ത്ത് പൊട്ടുന്നവ.

മീനുകള്‍ ജീവനാണ്,
താമരവളയങ്ങള്‍ അലങ്കാരങ്ങളും.
തവളകള്‍ കുസ്രുതികളും
നീര്‍ക്കോലി പേടിതൊണ്ടനുമാണ്.

വേനലില്‍ കുളം ചുരുങ്ങും
അപ്പോള്‍, ചെറുമീനുകള്‍ തുമ്പികളായി പറന്നുപോവും,
പൂച്ചമത്സ്യങ്ങള്‍, അടിത്തട്ടു വിണ്ടുകീറുന്നതിനു മുന്‍പ്
മഴപെയ്യുന്നതും സ്വപ്നം കണ്ട് പാതാളത്തിലേക്കു മയങ്ങും.

(ഒരു ജെ സി ബി കുമ്പിള്‍ മണ്ണ് തരുമോ, ഈ കുളമൊന്നുമൂടാന്‍)

Thursday, February 1, 2007

ഉത്തമഗീതം

എന്റെ പ്രിയാ...
നീ നീര്‍ക്കിളികള്‍ കൂടണയുന്നൊരു ചതുപ്പുനിലം..
അവയുടെ കരച്ചിലും വിസര്‍ജ്യം വീണ പാടുകളും
നിന്റെ അടയാളങ്ങള്‍..
നീ നിന്റെ അനാകര്‍ഷതയോളം ആര്‍ദ്രയാണ് ..


നീ..
ഗ്രാമങ്ങളിലേക്കു ക്ഷണിക്കാതേയും
മുന്തിരി ചെടികള്‍ പൂക്കുന്നതുകാത്തുനില്‍ക്കാതെയും
സ്നേഹം പകര്‍ന്നവള്‍..
നിനക്ക് ശരീരവും മനസ്സൂം രണ്ടല്ല.
നീ പാതാളത്തോളം ആഴത്തില്‍ അയഞ്ഞ കറുത്തചെളി മാത്രം..
ഉല്പത്തിയിലെ കൊഴുത്ത സ്രവം പോലെ..


വിറയാര്‍ന്ന കാലടികളുമായ് ഞാന്‍ വരുമ്പോള്‍
പാഴ് വള്ളികളാലും ഗന്ധക ഗന്ധങ്ങളാലും
എന്നെ നീ മൂടുന്നതെന്തിന്?


എന്റെ പാദങ്ങള്‍ക്കടിയില്‍ ആരല്‍മീനുകള്‍ പുളയുന്നു..
എന്റെ കണങ്കാലുകാലുകളില്‍ അട്ടകള്‍ പൊതിയുന്നു..


എന്നിട്ടും..
ഒരു പുനര്‍ജന്മം പോലും വേണ്ടാതെ..
ഞാന്‍ നിന്റെ ആര്‍ദ്രതയിലേക്ക്..